District News
കൊല്ലം: തുറമുഖ വകുപ്പില് നിന്ന് വാടകയ്ക്കെടുത്ത പഴയ പോര്ട്ട് ഓഫിസില് സെല് തയാറാകുന്നതോടെ പള്ളിത്തോട്ടം പൊലിസ് സ്റ്റേഷന് ഒരു മാസത്തിനകം അവിടേക്ക് മാറ്റും. ബ്രിട്ടീഷ് ഭരണകാലത്ത് നിര്മിച്ച പഴയ കെട്ടിടം പൊളിച്ച് പുതിയത് നിര്മിക്കാനാണ് പ്രവര്ത്തനം മാറ്റുന്നത്.
മുമ്പ് തുറമുഖ വകുപ്പിന്റെ ഗോഡൗണായിരുന്ന ഓട് പാകിയ കെട്ടിടത്തിലാണ് പള്ളിത്തോട്ടം സ്റ്റേഷന് ഇപ്പോള് പ്രവര്ത്തിക്കുന്നത്. വാടക കെട്ടിടത്തിലേക്ക് മാറുന്നതോടെ ഇത് പൊളിക്കും. കഴുക്കോലടക്കം ചിതലരിച്ച നിലയിലാണ് ഈ കെട്ടിടം.
വാതിലുകള്ക്കും ജനാലകള്ക്കും ഉറപ്പില്ല. ആയുധങ്ങളും രേഖകളും സൂക്ഷിക്കാന് സുരക്ഷിത സൗകര്യവുമില്ല. ഓടുകള് പലേടത്തും പൊട്ടിയിരിക്കുകയാണ്. അതിനാല് മഴക്കാലത്ത് സ്റ്റേഷനില് കുടപിടിച്ച് ഇരിക്കേണ്ട അവസ്ഥയാണ്.
സെല്ലിന് ഉറപ്പില്ലാത്തതിനാല് കൂടുതല് പേരെ കസ്റ്റഡിയിലെടുക്കുമ്പോള് വെസ്റ്റ് സ്റ്റേഷനിലെ സെല്ലിലേക്കാണ് മാറ്റുന്നത്. വനിതാ ഉദ്യോഗസ്ഥര്ക്ക് വിശ്രമിക്കാന് ഇടമില്ല. ഇങ്ങനെ പരാതികള് ഏറെയുണ്ട്.
സ്റ്റെയര് റൂം സഹിതം ഒരുനില കെട്ടിടം നിര്മിക്കാന് എം. മുകേഷ് എംഎല്എ ആയിരിക്കെ ആസ്തി വികസന ഫണ്ടില് നിന്ന് ഒരു കോടി രൂപ അനുവദിച്ചിരുന്നു. കെട്ടിടത്തിന്റെ രൂപരേഖയ്ക്ക് പൊതുമരാമത്ത് വകുപ്പ് ചീഫ് എന്ജിനിയറുടെ അംഗീകാരവും ലഭിച്ചിട്ടുണ്ട്.
തുറമുഖ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഈ സ്ഥലം പുതിയ കെട്ടിടം നിര്മിക്കാനായി ആഭ്യന്തര വകുപ്പിന് കൈമാറുകയായിരുന്നു. എസ്എച്ച്ഒയ്ക്കും ലാ ആന്ഡ് ഓര്ഡര് എസ്ഐക്കും പ്രത്യേക മുറികള് പുതിയ കെട്ടിടത്തിലുണ്ടാകും.
റിസപ്ഷന് ഏരിയ, ശൗചാലയങ്ങള്, പുരുഷ, വനിത ഉദ്യോഗസ്ഥര്ക്ക് പ്രത്യേകം വിശ്രമ മുറികള്, കമ്പ്യൂട്ടര്, ക്രൈം റെക്കോര്ഡ്സ്, ആംസ് റൂമുകള്, പുരുഷ, വനിത, ട്രാന്സ്ജെന്ഡര് സെല്ലുകള് എന്നിവ പുതിയ രൂപരേഖയിലുണ്ട്.
Kerala
വടകര: പൊലിസ് സ്റ്റേഷനിലേക്ക് മാര്ച്ച് നടത്തിയ ഡിവൈഎഫ്ഐ പ്രവര്ത്തകര്ക്കെതിരെ കേസ്. കണ്ടാലറിയാവുന്ന 13 പേര് ഉള്പ്പടെ 120ഓളം പേര്ക്കെതിരെയാണ് കേസെടുത്തത്.
ഔദ്യോഗിക കൃത്യനിര്വഹണം തടസപ്പെടുത്തി, ആയുധം ഉപയോഗിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസുകാരനെ മുറിവേല്പ്പിച്ചു, സ്റ്റേഷനിലേക്ക് അതിക്രമിച്ച് കയറി എന്നീ കുറ്റങ്ങള് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
തിരുവോണ ദിവസം പതിയാരക്കര മഞ്ചയില് കടവില് അക്രമണം നടത്തിയ ലഹരി സംഘത്തിലെ മുഴുവന് പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച വൈകുന്നേരം ഡിവൈഎഫ്ഐ നടത്തിയ മാര്ച്ചാണ് സംഘര്ഷത്തില് കലാശിച്ചത്. ഇത് സംബന്ധിച്ചാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
മാര്ച്ചിനിടെ ബാരിക്കേഡ് കടന്ന് പൊലിസ് സ്റ്റേഷനിലേക്ക് കുതിച്ച പ്രവര്ത്തകരും പൊലീസും ഏറ്റുമുട്ടി. സംഭവത്തില് ഒരു പൊലിസുകാരന് ഉള്പ്പെട ആറു പേര്ക്കാണ് പരിക്കേറ്റത്. ഒരു മണിക്കൂറോളം സ്റ്റേഷന് മുറ്റത്തിരുന്ന് മുദ്രാവാക്യം വിളിച്ച ഡിവൈഎഫ്ഐ പ്രവര്ത്തകര് ഏഴരയോടെയാണ് പിരിഞ്ഞുപോയത്.
ഡിവൈഎഫ്ഐ പതിയാരക്കര മേഖലാ ജോയിന്റ് സെക്രട്ടറി വിനൂപിനെ മഞ്ചയില് കടവില് ലഹരി മാഫിയ മര്ദിച്ച സംഭവത്തില് പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ടാണ് ഡിവൈഎഫ്ഐ പ്രവര്ത്തകര് പൊലിസ് സ്റ്റേഷന് മാര്ച്ച് നടത്തിയത്.
നൂറ്റമ്പതോളം പ്രവര്ത്തകരെ തടയാന് മുപ്പതോളം പൊലിസുകാര് മാത്രമാണ് ഉണ്ടായിരുന്നത്. സിവില് പൊലിസ് ഓഫീസര് ബിജുവിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തിന്റെ കൈയ്ക്ക് മുറിവുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന് ഡിവൈഎസ്പി ഉറപ്പുനല്കിയെന്ന് നേതാക്കള് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രവര്ത്തകര് സമരം അവസാനിപ്പിച്ചത്.
Kerala
കൊല്ലം: കുണ്ടറ പൊലിസ് സ്റ്റേഷനിലെ ലോക്കപ്പിൽ നിന്ന് രക്ഷപ്പെട്ട മോഷണക്കേസ് പ്രതിയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രക്ഷപ്പെട്ട എഴുകോൺ പുത്തൻനട സ്വദേശി വൈജേഷാണ് (23) പിടിയിലായത്. ലോക്കപ്പ് പൂട്ടാൻ പൊലിസുകാർ മറന്നതാണ് പ്രതിരക്ഷപ്പെടാൻ കാരണമെന്ന് അധികൃതർ പറഞ്ഞു.
കഴിഞ്ഞ ദിവസം പുലർച്ചെ 1.30ഓടെ പാറാവുകാരന്റെ കണ്ണുവെട്ടിച്ച് ലോക്കപ്പിൽ നിന്ന് ഇറങ്ങിയ വൈജേഷ് സ്റ്റേഷനിൽ നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സാരഥി ജംഗ്ഷനിൽ നിന്ന് ഇയാളെ പിടികൂടിയത്.
നാന്തിരിക്കലിലെ വീട്ടിൽ നിന്ന് വയറിംഗ് സാമഗ്രികൾ മോഷണം പോയ കേസിലാണ് ചൊവ്വാഴ്ച വൈജേഷിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷനിലെത്തിച്ചെങ്കിലും ലോക്കപ്പ് പൂട്ടിയിരുന്നില്ല. ഈ അവസരം മുതലെടുത്ത് ഇയാൾ രക്ഷപ്പെടുകയായിരുന്നു.
Kerala
തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ് പോലീസുകാർക്കെതിരെ നടപടി. ഏഴ് പേരെയും എആർ ക്യാമ്പിലേക്ക് സ്ഥലംമാറ്റി. സിറ്റി പോലീസ് കമ്മീഷണർ ഡിജിപിക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പ്രതികൾ പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ചതിലും അതിന്റെ റീൽസ് ചിത്രീകരിച്ചതിലും ഗുരുതര വീഴ്ചയുണ്ടായതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സംഭവം വിവാദമായതിനെ തുടർന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി പി. വിജയൻ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
മ്യൂസിയം പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ പ്രശാന്തിനെ നേരത്തെ തന്നെ തൃശൂരിലേക്ക് സ്ഥലംമാറ്റിയിരുന്നു. അദ്ദേഹം കഴിഞ്ഞദിവസം സ്റ്റേഷൻ ചുമതല ഒഴിഞ്ഞിരുന്നു. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളായ ഐ.പി. ബിനു, ഉണ്ണി തുടങ്ങിയവരാണ് പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിൽ പങ്കെടുത്തത്.
ജാമ്യവ്യവസ്ഥയുടെ ഭാഗമായി സ്റ്റേഷനിൽ ഒപ്പിടാൻ എത്തിയപ്പോഴാണ് പ്രതികളും ഓണാഘോഷത്തിന്റെ ഭാഗമായത്. ഒപ്പിട്ട ശേഷം പ്രതികളോട് മടങ്ങാൻ പോലീസ് ആവശ്യപ്പെടേണ്ടതായിരുന്നുവെന്നും എന്നാൽ അതിന് പകരം ഓണാഘോഷത്തിൽ പങ്കെടുക്കാൻ അനുവദിച്ചെന്നുമാണ് അന്വേഷണത്തിലെ കണ്ടെത്തൽ.
പ്രതികൾക്കൊപ്പം പോലീസുകാർ ഓണാഘോഷത്തിൽ പങ്കെടുക്കുകയും റീൽസ് ചിത്രീകരിക്കുകയും ചെയ്ത ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. ഗുരുതര വീഴ്ച കണ്ടെത്തിയതിനെ തുടർന്നാണ് ഏഴ് പോലീസുകാർക്കെതിരെ ഇപ്പോൾ സ്ഥലംമാറ്റ നടപടി സ്വീകരിച്ചിരിക്കുന്നത്.
Kerala
തിരുവനന്തപുരം: മദ്യപിച്ച് പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിൽ പങ്കെടുത്ത പോലീസുകാർ എസ്പിയുടെ മിന്നൽ പരിശോധനയിൽ കുടുങ്ങി. അരുവിക്കര പോലീസ് സ്റ്റേഷനിൽ നടന്ന സംഭവത്തിൽ മൂന്നു പോലീസുകാരെ സസ്പെൻഡു ചെയ്തു. സിവിൽ പോലീസ് ഓഫീസർമാരായ അച്ചു ശങ്കർ, പ്രശാന്ത്, അനിൽകുമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
മേലുദ്യോഗസ്ഥനെ കണ്ടതോടെ സല്യൂട്ട് ചെയ്യാൻ പോലും പോലീസുകാർ മറന്നു. ഇത് ചോദ്യം ചെയ്യുന്നതിനിടെ ഒരാൾ സ്റ്റേഷനിൽനിന്ന് ഓടിരക്ഷപ്പെടാനും ശ്രമിച്ചു. ഞായറാഴ്ച നടന്ന ഓണാഘോഷത്തിനിടെ മൂന്ന് സിവിൽ പോലീസ് ഓഫീസർമാർ മദ്യലഹരിയിൽ പങ്കെടുത്തത്. ഇതിനിടെയാണ് റൂറൽ ജില്ലാ പോലീസ് മേധാവി പ്രശാന്തൻ കണിയുടെ നേതൃത്വത്തിൽ സ്റ്റേഷനിൽ മിന്നൽ പരിശോധന നടത്തിയത്.
മദ്യപിച്ചിട്ടുണ്ടോയെന്ന് എസ്പി ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു പോലീസുകാരുടെ മറുപടി. എന്നാൽ മദ്യപിച്ച് ജോലിയിൽ വീഴ്ച വരുത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. സംഭവത്തിൽ വകുപ്പ് തല അന്വേഷണം ആരംഭിച്ചു.
District News
തിരുവനന്തപുരം: ചരിത്രത്താളുകളിലെ മുഖമുദ്രയായ നിറവുമായി സംസ്ഥാനത്തെ വേറിട്ട പോലീസ് സ്റ്റേഷനായി മ്യൂസിയം പൊലിസ് സ്റ്റേഷൻ. സംസ്ഥാനത്തെ 483 പോലീസ് സ്റ്റേഷനുകളുടെയും നിറം ഏകീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചിരുന്നു. എന്നാൽ മറ്റു പൊലിസ് സ്റ്റേഷനുകളെ അപേക്ഷിച്ചു ചരിത്ര പ്രധാന്യമുള്ള കെട്ടിടമാണ് മ്യൂസിയം പൊലിസ് സ്റ്റേഷന്റേത്. സംസ്ഥാനത്തെ മറ്റ് പൊലിസ് സ്റ്റേഷനുകളുടെ നിറം ഒരേ കളർ പെയിന്റ് ചെയ്ത് മോടിപിടിപ്പിച്ചാലും മ്യൂസിയം പൊലിസ് സ്റ്റേഷന്റെ നിറം മാറ്റമില്ലാതെ തുടരും.
മ്യൂസിയം പൊലിസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ ചരിത്ര പ്രാധാന്യം എന്താണെന്നു നോക്കാം. ബ്രിട്ടീഷുകാരുടെ കാലത്ത് നിർമിച്ച മ്യൂസിയം, കനകക്കുന്ന്, മൃഗശാല, യൂണിവേഴ്സിറ്റി കോളജ്, പബ്ലിക് ലൈബ്രറി, പിഎംജിയിലെ പോസ്റ്റ് മാസ്റ്റർ ഓഫീസ്, സംസ്കൃത കോളജ്, വിജെടി ഹാൾ ഉൾപ്പെടെയുള്ള സർക്കാർ ഓഫീസുകൾക്ക് അന്ന് ഒരേ നിറമായിരുന്നു. തിരുവിതാംകൂർ മഹാരാജാവിന്റെ കാലത്തും പിന്നീട് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചശേഷവും ചരിത്രത്തിന്റെ അവശേഷിപ്പുകളായിരുന്ന ഈ സർക്കാർ കെട്ടിടങ്ങളുടെ നിറത്തിൽ മാറ്റം വരുത്താതെ തുടരുകയായിരുന്നു. ഈ കെട്ടിടങ്ങളുടെ നിറത്തിൽ മാറ്റം വരുത്തുന്നതിനു നിരവധി സാങ്കേതികവും നിയമപരവുമായ കടകന്പകൾ കടക്കേണ്ടതുണ്ട്. അതിനാൽ മ്യൂസിയം പൊലിസ് സ്റ്റേഷന്റെ നിറത്തിൽ മാത്രം മാറ്റം വരില്ല. ഇക്കാര്യം ആഭ്യന്തര മന്ത്രിക്കും അറിയാവുന്നതിനാൽ ചരിത്രസ്മാരകങ്ങളെ അതേപടി നിലനിർത്തണമെന്ന നിലപാടിൽ ആഭ്യന്തര മന്ത്രിയ്ക്കും യോജിപ്പാണ്.
മ്യൂസിയം പൊലിസ് സ്റ്റേഷൻ പ്രവർത്തിക്കുന്ന കെട്ടിടം മ്യൂസിയത്തിന്റെ അധീനതയിൽ പുരാവസ്തു വകുപ്പിന്റെ കൈവശമുള്ള കെട്ടിടമായിരുന്നു. 1993-ൽ കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിൽ ഈ കെട്ടിടം പുരാവസ്തു വകുപ്പിൽ നിന്നും ആഭ്യന്തര വകുപ്പ് ഏറ്റെടുത്ത് മ്യൂസിയം പൊലിസ് സ്റ്റേഷൻ പ്രവർത്തനം ആരംഭിക്കുകയായിരുന്നു. ചരിത്രസ്മാരകങ്ങളെ അതേപടി സംരക്ഷിക്കണമെന്ന നിലപാടിൽ മാറ്റം വരുത്താതെ മാറി മാറി വന്ന സർക്കാരുകളും ഈ പാത പിന്തുടർന്നു.
മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയായ ക്ലിഫ് ഹൗസ്, ഗവർണറുടെ ഒൗദ്യോഗിക വസതിയായ ലോക്ഭവൻ, പ്രതിപക്ഷ നേതാവിന്റെ ഒൗദ്യോഗിക വസതിയായ ക ന്റോണ്മെന്റ് ഹൗസ്, മന്ത്രിമാരുടെ ഒൗദ്യോഗിക വസതികളുടെ ഉൾപ്പെടെ സുരക്ഷ ഒരുക്കുന്നത് മ്യൂസിയം പൊലിസ് സ്റ്റേഷനിലെ ഓഫീസർമാരും ഉദ്യോഗസ്ഥരുമാണ്.
നിലവിൽ വനിത ഉദ്യോഗസ്ഥർ ഉൾപ്പെടെ 65ൽ പരം പൊലിസ് ഉദ്യോഗസ്ഥരാണ് മ്യൂസിയം പൊലിസ് സ്റ്റേഷനിൽ 24 മണിക്കൂറും സേവനമനുഷ്ഠിക്കുന്നത്. എസ്എച്ച്ഒ സർക്കിൾ ഇൻസ്പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്. മൂന്ന് എസ്ഐമാരും ഗ്രേഡ് എസ്ഐമാരും സിപിഒ ഉൾപ്പെടെയുള്ളവരും സേവനമനുഷ്ഠിക്കുകയാണ്.
കാക്കി, വെള്ള കളറുകളിലാണ് സംസ്ഥാനത്തെ മുഴുവൻ പൊലിസ് സ്റ്റേഷനുകളുടെയും പെയിന്റിംഗ് നടത്തിയിരിക്കുന്നത്. സംസ്ഥാനത്തെ മുഴുവൻ പൊലിസ് സ്റ്റേഷനുകളും ഒരു നിറത്തിൽ ആഗസ്റ്റ് 15ന് പെയിന്റിംഗ് പൂർത്തിയാക്കണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർദേശിച്ചിരുന്നു. മൈ പൊലിസ് സ്റ്റേഷൻ സംവിധാനം ഉൾപ്പെടെ പ്രാവർത്തികരമാക്കുന്നതിന് മുന്നോടിയായാണ് മുഴുവൻ പൊലിസ് സ്റ്റേഷനുകൾക്കും ഏകീകൃത നിറം നൽകിയത്.
തിരുവനന്തപുരം സിറ്റിയിലെയും റൂറലിലെയും 65 പൊ ലിസ് സ്റ്റേഷനുകളുടെയും പെയിന്റിംഗ് പൂർത്തിയായി. പൊലിസിന്റെ ബേസിക് അമിനിറ്റി ഫണ്ടിൽ നിന്നുള്ള തുകയാണ് സംസ്ഥാനത്തെ പൊ ലിസ് സ്റ്റേഷനുകൾ പെയിന്റിംഗ് ചെയ്യാൻ പൊലിസ് ആസ്ഥാനത്ത് നിന്നും സംസ്ഥാന പൊലിസ് മേധാവി റവാഡ ചന്ദ്രശേഖർ അനുവദിച്ച് ഉത്തരവിറക്കിയത്.
ക്രമസമാധാനപാലന വിഭാഗം അഡീഷണൽ ഡിജിപി.പി. വിജയനാണ് പൊലി സിന്റെ ദൈനംദിന പ്രവർത്തനങ്ങൾ പരിശോധിക്കുന്നത്.
District News
വടക്കഞ്ചേരി: പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി തുടരുന്ന കരിങ്കൽ ക്വാറിക്കെതിരേ ശബ്ദിക്കുന്നവരെ കള്ളക്കേസുകളിൽ കുടുക്കാൻ ശ്രമിക്കുന്നെന്നാരോപിച്ച് സ്ത്രീകള് ഉൾപ്പെടെയുള്ള നാട്ടുകാർ വടക്കഞ്ചേരി പോലീസ് സ്റ്റേഷനിലെത്തി.
പുതുക്കോട് മണപ്പാടത്തെ കരിങ്കൽ ക്വാറിക്കെതിരേയുള്ള സമരക്കാരാണ് ഇന്നലെ രാവിലെ സ്റ്റേഷനിലെത്തിയത്. സംയുക്ത സമരസമിതി പ്രസിഡന്റ് പി. ശങ്കരനാരായണൻ, സെക്രട്ടറി എൻ. ഷൺമുഖൻ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ സിഐ എം.പി. എബിയുമായി സംസാരിച്ചു.
നീതിക്കായി കോടതിയെ സമീപിക്കുമെന്ന് പിന്നീട് സംയുക്ത സമരസമിതി ഭാരവാഹികൾ പറഞ്ഞു. സമരക്കാരിൽചിലർ ക്വാറിക്കുള്ളിൽ കയറി നാശനഷ്ടങ്ങളുണ്ടാക്കിയെന്ന് കാണിച്ചായിരുന്നു ക്വാറി നടത്തിപ്പുകാർ പോലീസിൽ പരാതി നൽകിയത്. ഉദയൻ, ജയൻ എന്നിവർക്കെതിരേയായിരുന്നു പരാതി.
ഇതേതുടർന്നാണ് പ്രകോപിതരായ സമരക്കാർ ഒന്നടങ്കം സ്റ്റേഷനിൽ എത്തിയത്.
ഇത്തരം വ്യാജ പരാതികൾക്കൊണ്ടൊന്നും ഭയപ്പെടില്ലെന്നും സമരം കൂടുതൽ ശക്തമാക്കുമെന്നും സമരക്കാരായ സ്ത്രീകൾ പറഞ്ഞു. 24 മണിക്കൂറും പ്രവർത്തിക്കേണ്ട ക്വാറിയിലെ സിസി ടിവി, പരാതിയിൽ പറയുന്ന സമയംമാത്രം പ്രവർത്തിച്ചിരുന്നില്ലെന്ന ക്വാറി നടത്തിപ്പുക്കാരുടെ വിശദീകരണംതന്നെ പരാതി വ്യാജമാണെന്നതിന്റെ തെളിവാണെന്നു സമരക്കാർ ചൂണ്ടിക്കാട്ടി.
പ്രദേശത്ത് താമസിക്കാൻ കഴിയാത്തവിധം ഉഗ്രസ്ഫോടനങ്ങളും ജലമലിനീകരണവും പൊടിശല്യവുമാണുണ്ടാകുന്നത്. പാറ പൊട്ടിക്കുമ്പോൾ കല്ല് തെറിക്കുന്ന സംഭവങ്ങളുമുണ്ട്.
നാലുദിവസം മുമ്പ് ക്വാറിക്കടുത്തെ പാടത്ത് പണിയെടുത്തിരുന്ന തന്റെ ദേഹത്തോട് ചേർന്ന് വലിയ കല്ല് പാഞ്ഞുപോയതായും ഭാഗ്യത്തിന് പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നെന്നും അനിത എന്ന നാട്ടുകാരി പറഞ്ഞു.
രണ്ടാഴ്ച മുമ്പ് പാറ പൊട്ടിക്കുന്ന സ്ഫോടന ശബ്ദം കേട്ട് കുഴഞ്ഞുവീണ അറളാക്കോട് സ്വദേശിനി ചെല്ലമ്മ (60) ഇപ്പോഴും ചികിത്സയിലാണ്. ഇത്തരം അപായകരമായ സംഭവങ്ങൾ പ്രദേശത്ത് തുടരുന്നുണ്ട്.
ക്വാറി പ്രവർത്തിക്കാൻ പഞ്ചായത്ത് നൽകിയ അനുമതി റദ്ദാക്കിയിരുന്നെങ്കിലും നടത്തിപ്പുകാർ തിരുവനന്തപുരം ട്രൈബ്യൂണലിൽ നിന്നും പഞ്ചായത്ത് നടപടിക്കെതിരേ സ്റ്റേ വാങ്ങിയാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
ഇതിനെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്ന് സമരസമിതി പ്രസിഡന്റ് പി. ശങ്കരനാരായണൻ പറഞ്ഞു. ക്വാറിക്കുള്ളിൽ അതിക്രമിച്ചു കടന്നെന്ന പരാതിയിലാണ് ഉദയൻ, ജയൻ എന്നിവർക്കെതിരെ കേസെടുത്തിട്ടുള്ളതെന്ന് സിഐ എം.പി. എബി പറഞ്ഞു.
അതേസമയം, ക്വാറിക്കെതിരേയുള്ള പഞ്ചായത്ത് അധികൃതർ സ്വീകരിക്കുന്ന നടപടികളിൽ വീഴ്ചയുണ്ടാകുന്നതായി അക്ഷേപമുണ്ട്.
ക്വാറിക്കെതിരേ പഞ്ചായത്ത് ഭരണസമിതി ഐക്യകണ്ഠേന പ്രമേയം പാസാക്കിയാൽ ക്വാറി നടത്തിപ്പിന് തടയിടാനാകുമെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്.
Kerala
വൈപ്പിന്: മദ്യലഹരിയില് കാര് ഓടിച്ച് അപകടമുണ്ടാക്കിയതിന് കസ്റ്റഡിയിലെടുത്ത ഊബര് ടാക്സി ഡ്രൈവര് മുന് കാപ്പ കേസ് പ്രതി ആണെന്ന് പോലീസ് തിരിച്ചറിഞ്ഞതോടെ സ്റ്റേഷനില് നിന്ന് ഇറങ്ങിയോടി. തിങ്കളാഴ്ച വൈകുന്നേരം മുളവുകാട് പോലീസ് സ്റ്റേഷനിലാണ് സംഭവം.
തൃശൂര് കോതപറമ്പ് ആല സ്വദേശി വൈപ്പിപ്പാടത്ത് ഫാരിഷിനെ (38) പോലീസ് ജീപ്പില് പിന്തുടര്ന്ന് വല്ലാര്പാടം കണ്ടെയ്നര് റോഡ് ഭാഗത്തു നിന്നും പിടികൂടി. പ്രതിയെ സ്റ്റേഷനില് എത്തിക്കുന്നതിനിടെ ഇയാള് ജീപ്പിന്റെ ഡോറും മറ്റും ചവിട്ടി കേടുപാട് വരുത്തി. 10,000 രൂപയോളം നഷ്ടം വരുത്തിയതായി പോലീസ് പറഞ്ഞു.
ഇയാള്ക്കെതിരെ ആലുവ, എറണാകുളം, തൃശൂര് മേഖലകളിലെ പോലീസ് സ്റ്റേഷനില് വിവിധ ക്രിമിനല് കേസുകളുണ്ട്. മാത്രമല്ല കഴിഞ്ഞ വര്ഷം ഇയാള്ക്കെതിരെ കാപ്പയും ചുമത്തിയിട്ടുണ്ട്. ഇക്കാര്യങ്ങള് വെളിപ്പെട്ടതോടെയാണ് സ്റ്റേഷനില് നിന്നും ഇറങ്ങി ഓടിയതെന്ന് പിന്നീട് കുറ്റസമ്മതം നടത്തിയെന്ന് പോലീസ് പറഞ്ഞു.
ഇയാളുടെ വാഹനം പരിശോധിച്ചതില് നിന്നും സിപ്പ് ലോക്ക് കവറുകളും സിറിഞ്ചും പോലീസ് കണ്ടെടുത്തു. ഇയാളുടെ പക്കല് നിന്നും കണ്ടെത്തിയ 15,910 രൂപയും കസ്റ്റഡിയില് എടുത്തു. പൊതു മുതല് നശിപ്പിക്കല്, ഔദ്യോഗിക കൃത്യനിര്വഹണം തടയല് തുടങ്ങിയ വകുപ്പുകള് ചേര്ത്ത് കേസെടുത്ത് പ്രതിയെ കോടതിയില് ഹാജരാക്കി റിമാന്ഡ് ചെയ്തു.
Kerala
തിരുവനന്തപുരം: ആര്യനാട് പോലീസ് സ്റ്റേഷനിലും താലൂക്ക് ആശുപത്രിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ പോലീസ് സാഹസികമായി കീഴ്പ്പെടുത്തി. തടയാൻ ശ്രമിച്ച ആര്യനാട് സ്റ്റേഷൻ ഇൻസ്പെക്ടർ സി. ദേവരാജന് തലയ്ക്ക് പരിക്കേറ്റു.
ഉഴമലയ്ക്കൽ കുളപ്പട വാലൂക്കോണം മങ്ങാട്ടുപാറ ‘യദു ഭവനിൽ' യദു (23)വിനെയാണ് പോലീസ് കീഴ്പ്പെടുത്തിയ്. ഇന്നലെ രാത്രി 10.30 ഓടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. പകൽ ആര്യനാട് - നെ ടുമങ്ങാട് റോഡിൽ പാറയക്കാറ ഭാഗത്തുള്ള ഒരു ഹോട്ടലിൽ കയറി ഭക്ഷണം ഓർഡർ ചെയ്ത യദു തുടർന്ന് യാതൊരു കാരണവുമില്ലാതെ അവിടെ നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ഹോട്ടൽ ഉടമയെ മർദിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു.
എന്നാൽ യുവാവിന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് രക്ഷകർത്താക്കൾ അറിയിച്ചതിനെ തുടർന്ന് ഹോട്ടലുടമ പരാതിയില്ലെന്ന് എഴുതി നൽകി. തുടർന്ന് മാതാപിതാക്കൾക്കൊപ്പം ശ്രീരാമകൃഷ്ണ മിഷൻ ആശുപത്രിയിൽ ചികിത്സയ്ക്കായി ഇയാളെ വിട്ടയച്ചിരുന്നു. ഇവിടെനിന്നു രക്ഷപ്പെട്ട യുവാവ് രാത്രി പത്തരയോടെ കൈയിൽ മദ്യക്കുപ്പിയും ട്യൂബ്ലൈറ്റുമായി ആര്യനാട് സ്റ്റേഷനിൽ കയറി അക്രമിക്കുകയായിരുന്നു.
പിന്നാലെ സ്റ്റേഷനിൽനിന്നു യുവാവ് തൊട്ടടുത്തുള്ള ആര്യനാട് ഗവൺമെന്റ് ആശുപത്രിയിലേക്ക് ഓടിക്കയറി. സ്ഥലത്തെത്തിയ ഐഎസ്എച്ച് ഒ.സി. ദേവരാജൻ ഇയാളെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഡോക്ടറുടെ റൂമിന് പുറത്ത് രോഗികൾക്ക് ഇരിക്കാൻ ഇട്ടിരുന്ന ഇരുമ്പ് കസേരയെടുത്ത് ഇയാൾ ഇൻസ്പെക്ടറുടെ തലയ്ക്കടിക്കുകയായിരുന്നു. തലയ്ക്കും നെറ്റിക്കും ഗുരുതരമായി പരിക്കേറ്റ ഇൻസ്പെക്ടറെ ഉടൻ തന്നെ ആര്യനാട് ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് വിധേയനാക്കി. തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ആശുപത്രിയിൽ വച്ച് വീണ്ടും അക്രമത്തിന് മുതിർന്ന യദുവിനെ പാറാവ് പോലീസുകാർ സാഹസികമായാണ് കീഴ്പ്പെടുത്തിയത്. സംഭവത്തിൽ തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്ന് ആര്യനാട് പോലീസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: സർക്കിൾ ഇൻസ്പെക്ടറെ ഇരുമ്പ് കസേര കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ആര്യനാട് പോലീസ് സ്റ്റേഷനിൽ ശനിയാഴ്ച രാത്രിയിൽ നടന്ന സംഭവത്തിൽ യദുകൃഷ്ണനാണ് പിടിയിലായത്.
ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സിഐ ആശുപത്രിയിൽ ചികിത്സതേടി. കൈയിൽ മദ്യക്കുപ്പിയുമായി സ്റ്റേഷനിലേക്ക് കയറിവന്ന പ്രതി പോലീസുകാരോട് മോശമായി പെരുമാറുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. അക്രമാസക്തനായ ഇയാളെ പിടികൂടാൻ പോലീസ് ശ്രമിച്ചതോടെ പ്രതി തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് ഓടിക്കയറി.
ഇയാളെ പിന്തുടർന്ന് പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുമ്പ് കസേര ഉപയോഗിച്ച് സിഐയുടെ തലയ്ക്ക് അടിച്ചത്. തുടർന്ന് കൂടുതൽ പോലീസുകാരെത്തി പ്രതിയെ ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു.
Kerala
മലപ്പുറം: കരിപ്പുർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന 10 ലക്ഷം രൂപ വില വരുന്ന സ്വർണാഭരണങ്ങൾ കാണാതായ സംഭവത്തിൽ സ്റ്റേഷൻ മുൻ ഹൗസ് ഓഫീസർ എം.അബ്ബാസ് അലിയെ സസ്പെൻഡ് ചെയ്തു.
കൊണ്ടോട്ടി എഎസ്പി കാർത്തിക് ബാലകുമാർ മലപ്പുറം പോലീസ് മേധാവിക്ക് ഇതുസംബന്ധിച്ച് നൽകിയ റിപ്പോർട്ടിൽ സംഭവം സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്താൻ മലപ്പുറം ഡിവൈഎസ്പി കെ.സി. സുഭാഷ് ബാബുവിനെ ചുമതലപ്പെടുത്തി.
കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് കണ്ടെത്തിയതും വിവിധ സ്ഥലങ്ങളിൽ നിന്ന് കളഞ്ഞുകിട്ടി പൊതുജനങ്ങൾ പോലീസിൽ ഏൽപ്പിച്ചതുമായ സ്വർണമാല, ബ്രേസ്ലെറ്റ്, മോതിരം, കമ്മൽ എന്നിവ ഉൾപ്പെടെയുള്ള ആഭരണങ്ങളാണ് പോലീസ് സ്റ്റേഷനിൽ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്നത്.
2018ന് മുമ്പും ശേഷവും വിവിധ ഘട്ടങ്ങളിലായി ലഭിച്ച ഈ ആഭരണങ്ങൾക്ക് നിലവിൽ പത്ത് ലക്ഷം രൂപയോളം വില വരും. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം 2026 ഫെബ്രുവരിയിൽ നടത്തിയ പരിശോധനയിലാണ് സ്വർണാഭരണങ്ങൾ സ്റ്റേഷനിലെ കസ്റ്റഡിയിൽ ഇല്ലെന്ന വിവരം കണ്ടെത്തിയത്.
തുടർന്ന് കൊണ്ടോട്ടി എഎസ്പി നടത്തിയ അന്വേഷണത്തിലാണ് സ്റ്റേഷനിൽ നിന്ന് സ്വർണമെടുത്തത് മുൻ എസ്എച്ച്ഒ അബ്ബാസ് അലിയാണെന്ന് കണ്ടെത്തിയത്. സംഭവം വിവാദമായതോടെ ആഭരണങ്ങൾ തിരികെ നൽകി നടപടിയിൽ നിന്ന് ഒഴിവാകാൻ എസ്എച്ച്ഒ നീക്കം നടത്തി. സ്വർണം അബദ്ധത്തിൽ തന്റെ കൈവശം വന്നതും പിന്നീട് തിരികെ നൽകാൻ മറന്നുപോയതുമാണെന്നുമാണ് അബ്ബാസ് അലി വിശദീകരിച്ചത്.
അതേസമയം അബ്ബാസ് അലി നേരത്തെ അച്ചടക്ക നടപടിക്ക് വിധേയനായിട്ടുണ്ട്. സ്റ്റേഷനിലെ തൊണ്ടിമുതൽ സൂക്ഷിപ്പുമായി ബന്ധപ്പെട്ട ഗുരുതര വീഴ്ചയുടെ പശ്ചാത്തലത്തിൽ സ്വർണം എങ്ങനെ സ്റ്റേഷനിൽ നിന്ന് പുറത്തുപോയി, സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നത് അടക്കം ഡിവൈഎസ്പി കെ.സി. സുഭാഷ് ബാബു അന്വേഷിക്കും.
Kerala
മലപ്പുറം: മുൻ എസ്എച്ച്ഒ സ്വർണം കവർന്നതായി എഎസ്പിയുടെ അന്വേഷണ റിപ്പോർട്ട്. മലപ്പുറം കരിപ്പൂർ പോലീസ് സ്റ്റേഷനിൽ നിന്നും കാണാതായ സ്വർണം കവർന്നത് മുൻ എസ്എച്ച്ഒ ആണെന്ന് അന്വേഷണ റിപ്പോർട്ടിലുള്ളത്. നിലവിൽ സസ്പെൻഷനിലുള്ള എസ്എച്ച്ഒ മറ്റാരും അറിയാതെ സ്വർണം കൈക്കലാക്കുകയായിരുന്നുവെന്നാണ് കൊണ്ടോട്ടി എഎസ്പിയുടെ അന്വേഷണ റിപ്പോർട്ട്.
അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് ഇയാൾ ഉന്നത ഉദ്യോഗസ്ഥർക്ക് നൽകിയ വിശദീകരണം. 2018 മുതൽ പല തവണയായി നാട്ടുകാർക്ക് കളഞ്ഞു കിട്ടിയ എട്ടു പവനിലധികം സ്വർണമാണ് കരിപ്പൂർ സ്റ്റേഷനിൽ നിന്നും നഷ്ടമായത്. ഉടമകൾക്ക് നൽകാനായി നാട്ടുകാർ കൈമാറിയതായിരുന്നു സ്വർണം. എസ്പിയുടെ നിർദേശ പ്രകാരം കൊണ്ടോട്ടി എഎസ്പി നടത്തിയ അന്വേഷണത്തിലാണ് സ്വർണം കൊണ്ടുപോയത് മുമ്പ് കരിപ്പൂർ സ്റ്റേഷനിൽ ഉണ്ടായിരുന്ന ഇൻസ്പെക്ടറാണെന്ന് വ്യക്തമായത്.
മറ്റൊരു ആരോപണവുമായി ബന്ധപ്പെട്ട് സസ്പെൻഷിനിലുള്ള ഇയാൾ സ്വർണം തിരികെ നൽകി തടിയൂരാനും ശ്രമിച്ചു. അബദ്ധത്തിൽ സ്വർണം കൈയിലായി പോയതാണെന്നും നടപടി ഒഴിവാക്കണമെന്നും ഇയാൾ ഉന്നത ഉദ്യോഗസ്ഥരോട് അഭ്യർഥിച്ചതായാണ് വിവരം. എഎസ്പി യുടെ അന്വേഷണ റിപ്പോർട്ട് എസ്പി ഡിഐജി മുഖേന ഐജിക്കു കൈമാറിയിട്ടുണ്ട്. വൈകാതെ തുടർനടപടി ഉണ്ടാകുമെന്നാണ് സൂചന.
District News
വടുവന്ചാല്: മേപ്പാടിയില്നിന്നു 13 കിലോമീറ്റര് അകലെയുള്ളതും കേരള- തമിഴ്നാട് സംസ്ഥാനങ്ങളുടെ അതിര്ത്തി പ്രദേശവുമായ വടുവന്ചാലില് പോലീസ് സ്റ്റേഷന് അനുവദിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ജനറല് ബോഡി യോഗം സര്ക്കാരിനോട് ആവശ്യപ്പെട്ടു.
മീന്മുട്ടി വെള്ളച്ചാട്ടം, നീലിമല വ്യൂ പോയിന്റ്, സണ്റൈസ് വാലി എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങള് സുരക്ഷാക്രമീകരണങ്ങള് ഏര്പ്പെടുത്തി തുറന്നുപ്രവര്ത്തിപ്പിക്കണമെന്ന ആവശ്യവും ഉന്നയിച്ചു. ജില്ലാ പ്രസിഡന്റ് ജോജിന് ടി. ജോയി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി.പി. അബ്ദുള്ഖാദര് അധ്യക്ഷത വഹിച്ചു. ബിനു വര്ഗീസ് പ്രസംഗിച്ചു. എസ്എസ്എല്സി, പ്ലസ് ടു പരീക്ഷകളില് ഉന്നത വിജയം നേടിയ പ്രദേശവാസികളെയും പൈലറ്റ് ഭാഗ്യലക്ഷ്മി പാടിവയലിനെയും ആദരിച്ചു. നിര്ധന രോഗികള്ക്ക് ചികിത്സാസഹായം നല്കി.
ഭാരവാഹികളായി വി.പി. അബ്ദുള്ഖാദര്(പ്രസിഡന്റ്), എം. മുരളീധരന്, പി.ആര്. സജിത്ത്, വി.എന്. ശശീന്ദ്രന് (വൈസ് പ്രസിഡന്റുമാര്), പി. ബാലസുബ്രഹ്മണ്യന്(ജനറല് സെക്രട്ടറി), കെ.പി. അഫ്സല്, കെ. ഷാനിബ്, കെ.എച്ച്. ഹസന്(ജോയിന്റ് സെക്രട്ടറിമാര്), ബിനു വര്ഗീസ്(ട്രഷറര്)എന്നിവരെ തെരഞ്ഞെടുത്തു.
District News
വെള്ളറട: വെള്ളറട പോലീസ് സ്റ്റേഷനില് പോലീസുകാരുടെ കുറവ് കേസുകളുടെ തീര്പ്പിലും അന്വേഷണത്തെയും സാരമായി ബാധിക്കുന്നു. തെരഞ്ഞെടുപ്പു സമയത്തെ ചര്ജായി എത്തിയ പ്രിന്സിപ്പല് എസ്ഐ മാറിപ്പോയതോടെ വെള്ളറട സ്റ്റേഷന് നാഥനില്ലാക്കളരിയായി മാറി. 50 പോലീസുകാര് വേണ്ടയിടത്ത് പകുതി പോലീസുകാർ മാത്രമേ ഇവിടെയുള്ളൂ. അതില് പെറ്റീഷന് അന്വേഷണവും കോടതി ഡ്യൂട്ടിയും തപാല് ഡ്യൂട്ടിയും കൂടിയാകുമ്പോള് പിന്നെ സ്റ്റേഷനില് പോലീസുകാരുടെ എണ്ണത്തില് വലിയ കുറവാണുള്ളത്.
മലയോര മേഖലയില് മണ്ണു മാഫിയയുടെ വിളയാട്ടം, കഞ്ചാവ് കടത്ത്, എംഡിഎംഎ കടത്ത്, അക്രമസംഭവങ്ങള് തുടങ്ങി നിരവധി പ്രശ്നങ്ങള് നേരിടുന്ന വെള്ളറട പോലീസ് സ്റ്റേഷനാണ് പോലീസില്ലാതെ ദുരിതത്തിലാകുന്നത്.
തിരുവനന്തപുരം റൂറല് പോലീസ് സ്റ്റേഷൻ പരിധിയില് ഏറ്റവും കൂടുതല് ലഹരികേസുകൾ, ഗുണ്ടാ കേസുകൾ എന്നിവ റിപ്പോർട്ട് ചെയ്യുന്നയിടമാണ് വെറ്ററട പോലീസ് സ്റ്റേഷൻ. വെള്ളറട പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരുവശം പൂര്ണമായും തമിഴ്നാടാണ്. തമിഴ്നാട്ടില്നിന്നും കുറ്റകൃത്യങ്ങള് നടത്തിയശേഷം റോഡ് കടന്ന് ഇപ്പുറത്തെത്തിയാല് കേരളമാണ്.
അക്രമികള്ക്ക് യഥേഷ്ടം ഇവിടെ വിലസുവാനുള്ള അവസരമുണ്ട്. എന്തായാലും വെള്ളറട പോലീസ് സ്റ്റേഷനിലെ ക്രമസമാധാന പ്രശ്നം സുഗമമാകണമെങ്കില് പോലീസുകാരുടെ കുറവ് പരിഹരിച്ചേ മതിയാകൂ. കുറവുള്ള പോലീസുകാരുടെ എണ്ണം അടിയന്തിരമായി നികത്തുകയും പ്രിന്സിപ്പല് ചാര്ജുള്ള എസ്ഐ അടക്കമുള്ളവരെ നിയമിക്കുകയും ചെയ്ത് പ്രശ്നപരിഹാരമുണ്ടാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
National
ലക്നോ: ഉത്തർപ്രദേശിൽ പ്രണയിച്ചു വിവാഹം കഴിച്ച ഭർത്താവിനെ ഉപേക്ഷിക്കാൻ വിസമ്മതിച്ച യുവതിയെ പോലീസ് സ്റ്റേഷനിൽ വച്ച് മാതാപിതാക്കൾ കൊലപ്പെടുത്തി. ബന്ദ ജില്ലയിലാണ് സംഭവം.
ശിവാനി(19) ആണ് കൊല്ലപ്പെട്ടത്. മേയ് 18ന് അയൽവാസിയായ ലളിത് വർമയ്ക്കൊപ്പം ശിവാനി ഇറങ്ങിപ്പോയിരുന്നു. തുടർന്ന് ക്ഷേത്രത്തിൽ വച്ച് വിവാഹിതരായ ഇരുവരും വിവാഹം രജിസ്റ്റർ ചെയ്തു.
ലളിതിന്റെ മാതാപിതാക്കൾ നൽകിയ പരാതിയെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. തുടർന്ന് മധ്യപ്രദേശിലെ സത്ന ജില്ലയിൽ നിന്ന് ഇവരെ കണ്ടെത്തി. ചോദ്യം ചെയ്യലിനായി ബന്ദയിലേക്ക് തിരികയെത്തിച്ചു.
സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്ന് ദമ്പതികൾ പോലീസിനോട് പറയുകയും വിവാഹ രേഖകൾ ഹാജരാക്കുകയും ചെയ്തു. ഇതിനിടെ പോലീസ് സ്റ്റേഷനിലെത്തിയ ശിവാനിയുടെ മാതാപിതാക്കൾ തങ്ങൾക്കൊപ്പം മടങ്ങിവരുവാൻ മകളെ നിർബന്ധിച്ചു. എന്നാൽ ഭർത്താവിനൊപ്പം പോകുമെന്ന നിലപാട് ശിവാനി സ്വീകരിച്ചു.
ഇതിനിടെ മാതാവ് റാനോ, ശിവാനിയെ പിന്നിൽ നിന്നും പിടിച്ചുനിർത്തുകയും പിതാവ് കത്തിയെടുത്ത് ഒന്നിലധികം തവണ കുത്തുകയുമായിരുന്നു. വയറിലും കൈയിലും കൈപ്പത്തിയിലും കുത്തേറ്റ ശിവാനിയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ചികിത്സയ്ക്കിടെ മരണംസംഭവിച്ചു.
ശിവാനിയുടെ പിതാവിനെ അറസ്റ്റ് ചെയ്തതായും ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസെടുത്തതായും ബന്ദ പോലീസ് സൂപ്രണ്ട് പലാഷ് ബൻസാൽ പറഞ്ഞു.
Kerala
തൃശൂര്: ചേലക്കര പോലീസ് സ്റ്റേഷനില് മദ്യപിച്ച ഗ്രേഡ് എസ്ഐ ഉള്പ്പെടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥര് ഉന്നത ഉദ്യോഗസ്ഥരുടെ മിന്നല് പരിശോധനയില് പിടിയിലായി. ചേലക്കര സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ജോളി സെബാസ്റ്റ്യന്, സിവില് പോലീസ് ഓഫീസര്മാരായ അഖില്, സജിത്ത് എന്നിവരാണ് ഡ്യൂട്ടിക്കിടെ സ്റ്റേഷനിലിരുന്ന് മദ്യപിച്ചത്.
പിടിയിലായവരെ ഉടന് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി മദ്യപിച്ചത് സ്ഥിരീകരിച്ചു. സംസ്ഥാന സര്ക്കാര് ലഹരി മാഫിയക്കെതിരേ ‘ഓപ്പറേഷന് തൂഫാന്' ശക്തമായി നടപ്പാക്കുന്നതിനിടയിലാണ് കാക്കിക്ക് നാണക്കേടുണ്ടാക്കി പോലീസ് സ്റ്റേഷനുള്ളില് തന്നെ ഉദ്യോഗസ്ഥര് മദ്യസല്ക്കാരം നടത്തിയത്.
ഗുരുതരമായ വീഴ്ച വരുത്തിയ മൂന്ന് ഉദ്യോഗസ്ഥര്ക്കെതിരേയും അച്ചടക്ക നടപടിയുടെ ഭാഗമായി കുന്നംകുളം എസിപി വഴി സിറ്റി പോലീസ് കമ്മീഷണര്ക്ക് വിശദമായ റിപ്പോര്ട്ട് കൈമാറിയിട്ടുണ്ട്. ഇവരെ സര്വീസില്നിന്നു സസ്പെന്ഡ് ചെയ്യാനും ശുപാര്ശ ചെയ്തിട്ടുണ്ട്.
District News
പേരാമംഗലം: പൊലീസ് സ്റ്റേഷന്റെ മുറ്റത്തുവച്ചുതന്നെ മധ്യവയസ്കനെ തെരുനായ ആക്രമിച്ചു. പേരാമംഗലം സ്വദേശി കോലോത്ത് വീട്ടിൽ സുഗതനാണ് (56) കഴിഞ്ഞദിവസം തെരുവുനായയുടെ കടിയേറ്റത്.
വക്കീലിന്റെ ഗുമസ്ഥൻ ആയ സുഗതൻ കേസുമായി ബന്ധപ്പെട്ട കാര്യങൾ അന്വേഷിച്ചറിഞ്ഞ് സ്റ്റേഷനിൽനിന്ന് ഇറങ്ങിവരുമ്പോൾ കാർപോർച്ചിന് അടുത്തുവച്ചായിരുന്നു തെരുവുനായ ഓടിവന്നു കാലിനുപിറകിൽ കടിച്ചത്. തുടർന്ന് സുഗതൻ മെഡിക്കൽ കോളജിൽ ചികിത്സതേടി. ഗ്രാമപ്രദേശങ്ങളിലെല്ലാം തെരുവുനായശല്യം വളരെ രൂക്ഷമാണ്.
നായ റോഡിനുകുറുകെ ചാടിയതിനെ തുടർന്ന് ബൈക്കിൽ നിന്നും വീണ് ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ രണ്ടുപേർക്കു പരിക്കേറ്റു. കേച്ചേരി കിഴക്കേ ആളൂർ പാലത്തിനു സമീപത്തുവച്ചായിരുന്നു അപകടം.
അപകടത്തിൽ പരിക്കേറ്റ കുറുക്കഞ്ചേരി കണ്ണംകുളങ്ങര സ്വദേശികൾ ആനത്താഴത്ത് വീട്ടിൽ ബാബു മകൻ ബെൽവിൻ (26), എഴപ്പിള്ളി വീട്ടിൽ സജി മകൻ വിഗ്നേഷ് (26) എന്നിവരെ കേച്ചേരി ആകട്സ് പ്രവർത്തകർ തൃശൂർ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ടുദിവസംമുന്പ്് ബൈക്കിനുകുറുകെ തെരുവുനായചാടി ബൈക്കിൽനിന്നും വീണ് പരിക്കുപറ്റിയ എടക്കളത്തൂർ സ്വദേശി തെക്കേപ്പുറത്ത് വീട്ടിൽ സുബിൻ (38) നെ പറപ്പൂർ ആക്ട്സ് പ്രവർത്തകരാണ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
റോഡിലൂടെ കൂട്ടംകൂട്ടമായി അലഞ്ഞു തിരിഞ്ഞു നടക്കുന്ന തെരുവ് നായ്ക്കളെ പേടിച്ചാണ് വിദ്യാർഥികളും രക്ഷിതാക്കളും ഇന്ന് സ്കൂളിൽ പോവുക. തെരുവുനായ് പ്രശ്നത്തിന് ശാശ്വത പരിഹാരം ഇതുവരെയും ആയിട്ടില്ല.ഷെൽട്ടറിനുള്ള സ്ഥലവും മറ്റു നിയമവശങ്ങളും അന്വേഷിച്ചു നടക്കുകയാണ് പഞ്ചായത്ത് അധികൃതർ.
തെരുവുനായ ശല്യം പൊറുതിമുട്ടി പഞ്ചായത്തിൽ പരാതി അറിയിക്കാൻ ചെന്നാൽ "എന്താ ചെയ്യാ" എന്ന് ചോദിച്ചു കൈ മലർത്തുകയല്ലാതെ അധികൃതർക്ക് ഒന്നും പറയാനില്ല.
National
ചണ്ഡിഗഡ്: പഞ്ചാബിലെ അമൃത്സറിൽ ബിണ്ടിസൈദ പോലീസ് സ്റ്റേഷനുനേരേ കഴിഞ്ഞമാസം നടന്ന ഗ്രനേഡ് ആക്രമണത്തിനു പിന്നിൽ പാക് രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്ഐ ആണെന്ന് കണ്ടെത്തി.
സംഭവത്തിൽ ആറ് പേരെ അറസ്റ്റ്ചെയ്തതായും പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് അറിയിച്ചു. കഴിഞ്ഞമാസം 29 ന് അർധരാത്രിയാണ് ആക്രമണം നടന്നത്. ആർക്കും പരിക്കേറ്റില്ല.
Kerala
കാഞ്ഞങ്ങാട്: നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതോടെ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ലൈസൻസുള്ള തോക്കുകളെല്ലാം പോലീസ് സ്റ്റേഷനുകളിൽ വിശ്രമത്തിലായി. ഇതോടെ കൃഷി നശിപ്പിക്കാനെത്തുന്ന കാട്ടുപന്നികളെ ഷൂട്ടർമാർക്കു വെടിവച്ചുകൊല്ലാൻ കഴിയാത്ത നിലയാണ്.
തെരഞ്ഞെടുപ്പും വോട്ടെണ്ണലും കഴിഞ്ഞ് ആഴ്ചകൾക്കു ശേഷം മാത്രമാകും ഇനി തോക്കുകൾ തിരികെ ലഭിക്കുക. അപ്പോഴേക്കും മഴക്കാലം തുടങ്ങാറാകും. ഈ വേനലിൽ കപ്പക്കൃഷിയും പച്ചക്കറിയുമൊക്കെ കാട്ടുപന്നികൾ നശിപ്പിക്കുമ്പോൾ കർഷകർ നിസഹായരായി നോക്കിനിൽക്കേണ്ടിവരും.
ബാങ്കുകളിലെ സുരക്ഷാ ജീവനക്കാർക്കും ഷൂട്ടിംഗ് മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്കും മാത്രമാണു തെരഞ്ഞെടുപ്പുകാലത്ത് തോക്കുകൾ പോലീസ് സ്റ്റേഷനുകളിൽ സറണ്ടർ ചെയ്യുന്നതിൽനിന്ന് ഇളവ് അനുവദിച്ചിട്ടുള്ളത്. കാട്ടുപന്നികളെ വെടിവച്ചുകൊല്ലാൻ ലൈസൻസുള്ളവർക്ക് ഈ ഇളവ് ബാധകമാക്കിയിട്ടില്ല.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പുകാലത്ത് സറണ്ടർ ചെയ്ത തോക്കുകൾ തിരികെ ലഭിക്കാൻ ആഴ്ചകളോളം താമസിച്ചതാണ്. അതുകഴിഞ്ഞ് കഷ്ടിച്ച് രണ്ടുമാസമാകുമ്പോഴാണു വീണ്ടും സറണ്ടർ ചെയ്യേണ്ട നിലയായത്.
വേനൽക്കാലത്ത് വെള്ളം നനയ്ക്കുന്ന വാഴത്തോട്ടങ്ങളും കമുകിൻതോട്ടങ്ങളുമെല്ലാം രാത്രിയിൽ കാട്ടുപന്നിക്കൂട്ടങ്ങൾ കുത്തിമറിക്കുന്നുണ്ട്. മലയോരമേഖലയിൽ മാത്രമല്ല തീരദേശ പഞ്ചായത്തുകളിൽ വരെ ഇപ്പോൾ കാട്ടുപന്നികൾ പതിവുകാഴ്ചയായി മാറിക്കഴിഞ്ഞു. പഞ്ചായത്തുകളുടെ നിയന്ത്രണത്തിൽത്തന്നെ ഷൂട്ടർമാരെ നിയോഗിച്ചതോടെ ചിലയിടങ്ങളിലെങ്കിലും കാട്ടുപന്നിശല്യം അല്പം നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നതാണ്. ഇതാണ് ഇപ്പോൾ വീണ്ടും താളംതെറ്റുന്നത്.
തോക്കുകൾ സറണ്ടർ ചെയ്യുന്ന കാര്യത്തിൽ ബാങ്ക് സുരക്ഷാജീവനക്കാർക്കു നൽകുന്ന ഇളവ് കാട്ടുപന്നികളെ വെടിവയ്ക്കാൻ ലൈസൻസുള്ള ഷൂട്ടർമാർക്കു കൂടി അനുവദിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
കർഷകക്ഷേമത്തിന്റെ കാര്യത്തിൽ സർക്കാരുകൾക്ക് ആത്മാർത്ഥതയുണ്ടെങ്കിൽ ഇതിനു തെരഞ്ഞെടുപ്പുകമ്മീഷന്റെ അനുമതി നേടിയെടുക്കുന്നതിനുള്ള നടപടികൾ ഉണ്ടാകണമെന്നും അവർ ആവശ്യപ്പെടുന്നു.
Kerala
കൊച്ചി: അങ്കമാലി പോലീസ് സ്റ്റേഷനില് മുന്നില് പ്രതിഷേധവുമായി വിവിധ രാഷ്ട്രീയ സംഘടനകളുടെ പ്രതിഷേധം. ജാസ്ലിയ ജോണ്സനെ വാഹനം ഇടിച്ച പ്രതിയെ കണ്ടെത്താത്തതില് യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകരും ഡിവൈഎഫ്ഐ പ്രവര്ത്തകരുമാണ് പോലീസ് സ്റ്റേഷന് മുന്നില് പ്രതിഷേധിച്ച് എത്തിയിരിക്കുന്നത്.
എടവനക്കാട് സ്വദേശിയായ ജാസ്ലിന്റെ നാട്ടിലെ സുഹൃത്തുക്കളും മോണിംഗ് സ്റ്റാര് കോളേജിലെ വിദ്യാര്ഥികളും ഫിസിക്കല് എഡ്യുക്കേഷന് അധ്യാപികയും പോലീസ് സ്റ്റേഷനില് പ്രതിഷേധവുമായി എത്തുന്നുണ്ട്. അപകടം നടന്നിട്ട് അഞ്ചു ദിവസമായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതിലാണ് പ്രതിഷേധം നടക്കുന്നത്.
അതിരമ്പുഴ സ്വദേശി ജോര്ജ് തോമസിന്റേതാണ് അപകടമുണ്ടാക്കിയ വാഹനം. മഹീന്ദ്ര എക്സ് യുവി വാഹനം ഓടിച്ചിരുന്നത് ജോര്ജ് തോമസിന്റെ മകന് ഡോ. സിറിയക്ക് ആണ്. വാഹനം ആലപ്പുഴ തുറവൂരില് നിന്നാണ് പോലീസ് കണ്ടെത്തിയത്. എന്നാല് സിറിയക്കിനെ കണ്ടെത്തിയിട്ടില്ല. അപകടം നടക്കുമ്പോള് സിറിയക്കിന്റെ സുഹൃത്ത് വിഷ്ണുവും കാറില് ഉണ്ടായിരുന്നു.
ഫെബ്രുവരി 28ന് ആയിരുന്നു അങ്കമാലി ഹോം സയന്സ് കോളജിന് സമീപത്തുവെച്ച് ജാസ്ലിയയെ വാഹനമിടിച്ചത്. പഠനത്തോടൊപ്പം പാര്ട്ട് ടൈം ജോലി ചെയ്തിരുന്ന ജാസ്ലിയ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടത്തില്പെട്ടത്.
കാര് ഇടിച്ചുണ്ടായ അപകടത്തില് ജാസ്ലിയയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസാണ് ജാസ്ലിയയെ അങ്കമാലിയിലെ ആശുപത്രിയിലെത്തിച്ചത്. പരിക്ക് അതീവ ഗുരുതരമായതിനാല് വിദഗ്ധ ചികിത്സയ്ക്കായി രാജഗിരി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ചൊവ്വാഴ്ച പുലര്ച്ചെ 6.38ന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചതിനെ തുടര്ന്ന് ബന്ധുക്കള് അവയവദാന സന്നദ്ധത അറിയിക്കുകയായിരുന്നു. ജാസ്ലിയയുടെ കരള് ആലുവ രാജഗിരി ആശുപത്രിയില് തന്നെ ചികിത്സയിലുള്ള രോഗിക്കും, വൃക്ക കോട്ടയം മെഡിക്കല് കോളജിലേക്കും, നേത്രപടലം അങ്കമാലി ഐ ബാങ്ക് അസോസിയേഷന് ഓഫ് കേരളയിലേക്കും കൈമാറി.
District News
പൂഞ്ഞാർ: അധിക തസ്തിക സൃഷ്ടിച്ചു പൂഞ്ഞാറില് പുതിയ പോലീസ് സ്റ്റേഷന് ആരംഭിക്കുന്ന വിഷയം നിലവില് പരിഗണനയിലില്ലെന്ന് ജനമൈത്രി റസിഡന്റ്സ് കൗണ്സില് പ്രസിഡന്റ് പ്രസാദ് കുരുവിളയ്ക്ക് ആഭ്യന്തര വകുപ്പിന്റെ മറുപടി.
പൂഞ്ഞാര് തെക്കേക്കരയിലുള്ള പോലീസ് ഔട്ട് പോസ്റ്റിനെ പോലീസ് സ്റ്റേഷനാക്കി ഉയര്ത്തണമെന്നും കല്ലേകുളത്ത് ആഭ്യന്തര വകുപ്പ് ഏറ്റെടുത്തിരിക്കുന്ന സ്ഥലത്ത് പോലീസ് സ്റ്റേഷന് നിര്മാണം ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് 2024 മാര്ച്ച് മൂന്നിന് എറണാകുളത്ത് നടന്ന മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയില് പ്രത്യേക ക്ഷണിതാവായി എത്തിയ പ്രസാദ് കുരുവിള മുഖ്യമന്ത്രിക്ക് നിവേദനംനൽകിയിരുന്നു. ആഭ്യന്തര വകുപ്പില് നിന്നു ഒരു മറുപടി ലഭിക്കാന് രണ്ട് വര്ഷങ്ങള് എടുക്കേണ്ടിവന്നുവെന്ന് പ്രസാദ് കുരുവിള പറഞ്ഞു
കൊട്ടിഘോഷിച്ച് നടന്ന നവകേരള യാത്രാ പരിപാടിയില് മുണ്ടക്കയത്തു നൽകിയ നിവേദനങ്ങളിലും തൃപതികരമായ മറുപടിലഭിച്ചില്ല .നവകേരള യാത്രയും മുഖാമുഖം പരിപാടിയും പ്രഹസന പരിപാടികളായി മാറിയെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് പ്രസാദ് കുരുവിള പറഞ്ഞു.
District News
കോഴിക്കോട്: വടകര പോലീസ് സ്റ്റേഷനില് വാഹനാപകട കേസിനോട് അനുബന്ധിച്ച് കസ്റ്റഡിയിലെടുത്ത സജീവന് കുഴഞ്ഞുവീണ് മരിച്ച സംഭവത്തില് ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും മരണകാരണം കസ്റ്റഡി മര്ദനമാണോ എന്ന കാര്യത്തില് വ്യക്തമായ നിഗമനത്തിലെത്താന് കഴിഞ്ഞിട്ടില്ലെന്നും കോഴിക്കോട് റൂറല് ജില്ലാ പോലീസ് മേധാവി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
മരണം കസ്റ്റഡി മര്ദ്ദനം കാരണമാണെന്ന് ആരോപിച്ച് സമര്പ്പിച്ച പരാതിയില് കമ്മീഷന് ജുഡീഷല് അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോര്ട്ടിലാണ് ഇക്കാര്യമുള്ളത്. സംഭവത്തില് ക്രൈം 634/2022 നമ്പറായി കേസെടുത്തിട്ടുണ്ടെന്ന് പോലീസ് റിപ്പോര്ട്ടില് പറഞ്ഞു. 2022 ജൂലൈ 22 ന് കേസന്വേഷണം വടകര ഡിവൈഎസ്പിയെ ഏല്പ്പിച്ചു. മരിച്ചയാളുടെ ശരീരത്തില് 11 മുറിവുകളുണ്ടായിരുന്നു.
മരണത്തിന് മുമ്പ് ഒന്നിലധികം തവണ ബലപ്രയോഗത്തിലൂടെ പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോര്ട്ടില് പറയുന്നു. പരിക്കുകളെ തുടര്ന്നുണ്ടായ ശാരീരികവും മാനസികവുമായ സമ്മര്ദ്ദം ഗുരുതരമായ ഹൃദയാഘാതത്തിന് കാരണമായേക്കാമെന്നും റിപ്പോര്ട്ടിലുണ്ട്. കേസില് കോഴിക്കോട് റൂറല് ഡിവൈഎസ്പിക്ക് രണ്ടു ദിവസം മാത്രമാണ് അന്വേഷണം നടത്താന് കഴിഞ്ഞതെന്നും സംഭവത്തിന്റെ രണ്ടാം ദിവസം ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തെന്നും റിപ്പോര്ട്ടില് പറയുന്നു. അതിനാല് മരണകാരണം കസ്റ്റഡി മര്ദ്ദനമാണോ അല്ലയോ എന്ന കാര്യത്തില് വ്യക്തമായ നിഗമനത്തിലെത്താന് കഴിഞ്ഞിട്ടില്ല.
കുറ്റാരോപിതനായ പോലീസ് ഉദ്യോഗസഥരെ സര്വ്വീസില് നിന്ന് സസ്പെന്ഡ് ചെയ്തിട്ടുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന സാഹചര്യത്തില് കമ്മീഷന് കേസ് തീര്പ്പാക്കി. പൊതുപ്രവര്ത്തകനായ കെ.യു. നിത്യാനന്ദ് സമര്പ്പിച്ച പരാതിയിലാണ് നടപടി.
District News
പേരൂര്ക്കട: 20 വര്ഷമായി സ്വകാര്യവ്യക്തിയുടെ ഭൂമിയില് പ്രവര്ത്തിച്ചുവരുന്ന കരമന ജനമൈത്രി പോലീസ് സ്റ്റേഷന്റെ പരാധീനതകള്ക്ക് അന്ത്യമാകുന്നു. കരമന ദേശീയ പാതയില് നിന്ന് 50 മീറ്റര് മാറി കരമനയാറിന്റെ തീരത്ത് 30 സെന്റിലാണു പുതിയ സ്റ്റേഷന് യാഥാര്ഥ്യമാകുന്നത്. ഇതിനായി സര്ക്കാര് രണ്ടു കോടിരൂപ അനുവദിച്ചു.
പുതിയ സ്റ്റേഷന്റെ നിര്മാണ പ്രവര്ത്തനങ്ങള് ഉടന് ആരംഭിക്കുമെന്നാണു സൂചന. നിലവിലെ പോലീസ് സ്റ്റേഷൻ കോമ്പൗണ്ടില് വാഹനങ്ങള് പാര്ക്കു ചെയ്യുന്നതിനോ പ്രതികളെ പാര്പ്പിക്കുന്നതിനുള്ള സെല് സൗകര്യമോ ഇല്ല. പോലീസുകാരുടെ ഇരുചക്ര വാഹനങ്ങള് പോലും പാര്ക്ക് ചെയ്യുന്നത് റോഡുവശത്താണ്.
സ്റ്റേഷന് സിഐ, എസ് ഐ എന്നിവരുടെ ഔദ്യോഗിക വാഹനങ്ങള് പോലും പാര്ക്ക് ചെയ്തിരുന്നത് മറ്റൊരു സ്ഥലത്താണ്. ഇവിടെയെത്തുന്ന പൊതുജനങ്ങള്ക്കുപോലും നിന്നുതിരിയാന് ഇടമില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. മാറിമാറി വന്ന സിഐമാരും അസോസിയേഷന് പ്രവര്ത്തകരും പലപ്പോഴും പുതിയ സ്ഥലത്തിനും കെട്ടിടത്തിനും അപേക്ഷ നല്കിയിരുന്നുവെങ്കിലും വിദ്യാഭ്യാസ വകുപ്പിന്റെയും മറ്റു വകുപ്പുകളുടെയും എതിര്പ്പില് കുരുങ്ങിക്കിടക്കുകയായിരുന്നു. കരമന സിഐ അനൂപ്, സിപിഒ ശ്യാം മോഹന് എന്നിവരുടെ നിരന്തര ഇടപെടലിലാണ് പുതിയ കെട്ടിടത്തിനു ഒരുങ്ങുന്നത്.
2005 ഓഗസ്റ്റില് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയാണ് സ്റ്റേഷന്റെ ഉദ്ഘാടനം നിര്വഹിച്ചത്. ഏകദേശം 45 പേരാണ് സ്റ്റേഷനില് ജോലിചെയ്തു വരുന്നത്. ഇതില് പത്തുപേര് വനിതാ ജീവനക്കാരാണ്. കുടുസുമുറിയായ വിശ്രമമുറിയുടെ അവസ്ഥ ദയനീയമാണ്. മഴയായാല് ചോര്ന്നൊലിക്കും. കേസുകളില് പിടിക്കപ്പെടുന്ന വാഹനങ്ങള് സൂക്ഷിക്കുന്നതു ഹൈവേയുടെ വശങ്ങളില്. സ്ട്രോംഗ് റൂമോ സേഫ് സൗകര്യമോ ഇവിടെയില്ല. പോലീസ് ഉദ്യോഗസ്ഥരുടെ ഇത്തരം പരിമിതികള്ക്കാണ് ഇനി വിരാമമാകാന് പോകുന്നത്.
District News
കായംകുളം: കരീലക്കുളങ്ങര പോലീസ് സ്റ്റേഷന് പുതിയ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. വിദ്യാഭ്യാസ തൊഴിൽ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. അഡ്വ.യു. പ്രതിഭ എംഎൽഎ ശിലാഫലകം അനാശ്ചാദനം ചെയ്തു. അഡ്വ. യു. പ്രതിഭ എംഎൽഎയുടെ അഭ്യർഥനപ്രകാരം 2024- 2025 സാമ്പത്തികവർഷം ആഭ്യന്തര വകുപ്പിന്റെ തനത് ഫണ്ടിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചിട്ടുള്ളത്.
ആലപ്പുഴ സഹകരണ സ്പിന്നിംഗ് മിൽ സൗജന്യമായി വിട്ടുനൽകിയ 25 സെന്റ് സ്ഥലത്താണ് പുതിയ പോലീസ് സ്റ്റേഷൻ കെട്ടിടം നിർമിക്കുന്നത്. 7400 ചതുരശ്ര അടി വിസ്തീർണത്തിൽ ബഹുനിലയായി നിർമിക്കുന്ന കെട്ടിടത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ, റൈറ്റർ, ക്രൈം എസ്ഐ, ലോ ആൻഡ് ഓർഡർ എസ്ഐ, പിആർഒ എന്നിവർക്കായുള്ള മുറികൾ, റിസപ്ഷൻ, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ലോക്കപ്പ് മുറികൾ, കോൺഫറൻസ് ഹാൾ, റിക്കാർഡ്സ് മുറികൾ, വനിതാ - പുരുഷ ജീവനക്കാർക്കായുള്ള വിശ്രമമുറികൾ, തൊണ്ടിമുതൽ സൂക്ഷിക്കുന്നതിനുള്ള മുറി, അടുക്കള, ഡൈനിംഗ് ഹാൾ, ശൗചാലയങ്ങൾ എന്നിവ ഉണ്ടായിരിക്കും. പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗത്തത്തിനാണ് നിർമാണച്ചുമതല.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ, മുതുകുളം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ടി.എസ്. താഹ, പത്തിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി. പ്രശാന്ത് , വൈസ് പ്രസിഡന്റ് സി.ആർ. സുലേഖ, ജില്ലാ പഞ്ചായത്തംഗം ലിഷ അനുപ്രസാദ്, ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രൻ, ഡിവൈഎസ്പിമാരായ ടി. ബിനുകുമാർ , മധു ബാബു, എം.കെ. ബിനുകുമാർ, ബിജു വി. നായർ, പങ്കജാക്ഷൻ, കെ.എൻ. രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.
Kerala
പരവൂർ: ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് അനുമതിക്കുള്ള അപേക്ഷ നൽകാൻ ഇനി പോലീസ് സ്റ്റേഷനുകളിൽ പോകേണ്ടതില്ല. കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ ‘പോൽ ആപ്പ്’ വഴിയോ ‘തുണ’ വെബ്സൈറ്റ് വഴിയോ ഇതിന് ആർക്കും അപേക്ഷ സമർപ്പിക്കാം.
ഇതിനായി ആദ്യം പോൽ ആപ്പ് നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്തശേഷം അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക. തുടർന്ന് ആപ്പിലെ മൈക്ക് സാംങ്ഷൻ രജിസ്ട്രേഷൻ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. തുടർന്ന് ആവശ്യപ്പെടുന്ന വിവരങ്ങൾ പൂരിപ്പിച്ചു നൽകുക. അപേക്ഷകന്റെ വിവരങ്ങൾ, മൈക്ക് ഓപ്പറേറ്ററുടെ ലൈസൻസ്, വാഹനത്തിനാണെങ്കിൽ റൂട്ട്, വാഹനത്തിന്റെ വിവരങ്ങൾ തുടങ്ങിയവ അപ്ലോഡ് ചെയ്യുക. ഓൺലൈൻ ആയി ഫീസ് അടയ്ക്കാനും സൗകര്യമുണ്ട്.
തുണ വെബ്സൈറ്റ് വഴി ആണെങ്കിലും മേൽപ്പറഞ്ഞ രീതി പൂർത്തിയാക്കേണ്ടതുണ്ട്. ഇക്കാര്യങ്ങൾ പൂർത്തിയാക്കിയാൽ അപേക്ഷ സമർപ്പിക്കാം.
സാധാരണ മൈക്ക് അനുമതി അപേക്ഷകൾ, അപേക്ഷിച്ച സ്ഥലത്തെ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ അഥവാ ഡിവൈഎസ്പി ഓഫീസുകളിലേക്കും വാഹനത്തിലേക്ക് ഉള്ളതാണെങ്കിൽ ജില്ലാ സ്പെഷൽ ബ്രാഞ്ച് ഓഫീസുകളിലേക്കും കൈമാറ്റം ചെയ്യപ്പെടും. അവിടെനിന്നുള്ള തുടർ അന്വേഷണങ്ങൾക്കു ശേഷം അനുമതി ലഭിച്ചാൽ സർട്ടിഫിക്കറ്റ് ആപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ ഡൗൺലോഡ് ചെയ്തെടുക്കാം.
Kerala
കൊച്ചി: പോലീസ് സ്റ്റേഷനിൽ വച്ച് ഗർഭിണിയായ യുവതിയെ മർദിച്ച കേസിൽ സസ്പെൻഷനിലായ എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്ത്. 2023ൽ തന്നെ അകാരണമായി മർദിച്ചെന്ന് ആരോപിച്ച് സ്വിഗ്ഗി ജീവനക്കാരനായ റിനീഷ് എന്ന യുവാവ് രംഗത്തെത്തി.
ജോലിക്കിടയിൽ ഒരു പാലത്തിനു സമീപത്ത് ഇരിക്കുകയായിരുന്ന റിനീഷിനെ ഒരു കാരണവുമില്ലാതെ ഇയാൾ മർദിച്ചു. എന്തിനാണ് അടിച്ചതെന്ന് ചോദിച്ചപ്പോൾ വീണ്ടും മർദിക്കുകയായിരുന്നു. തുടർന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകുകയും ചെയ്തു.
കേസിൽ അസിസ്റ്റന്റ് കമ്മീഷണറെത്തി മൊഴിയെടുത്തു. അന്വേഷണത്തിൽ റിനീഷിന് മർദനമേറ്റതായി തെളിഞ്ഞെങ്കിലും എസ്എച്ച്ഓയുടെ പേരിൽ നടപടിയൊന്നും ഉണ്ടായില്ലെന്ന് റിനീഷ് പറഞ്ഞു.
Kerala
കൊച്ചി: എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ ഗർഭിണിയായ സ്ത്രീയെ എസ്എച്ച്ഒ മർദിച്ച സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
ഇത്തരം ക്രൂരതകള് സംസ്ഥാനത്ത് ഉടനീളെ നടന്നിട്ടുണ്ടെന്നു വേണം കരുതാന്. ഇനിയും ദൃശ്യങ്ങളും തെളിവുകളും പുറത്തുവരാതെ എത്രയെത്ര നിരപരാധികളെയായിരിക്കും പോലീസിലെ ക്രിമിനലുകള് ആക്രമിച്ചിട്ടുണ്ടാകുക.
ഇതാണോ പിണറായി വിജയന് സര്ക്കാരിന്റെ സ്ത്രീസുരക്ഷ ?. ഇതാണോ നിങ്ങളുടെ ജനമൈത്രി പോലീസ് സ്റ്റേഷൻ ?. എന്തൊരു പരാജയമാണ് മുഖ്യമന്ത്രി, നിങ്ങളും നിങ്ങളുടെ സര്ക്കാരും.
രാഷ്ട്രീയ എതിരാളികളെ നേരിടുകയെന്ന ലക്ഷ്യത്തോടെ കേരള പോലീസിനെ നിയന്ത്രിക്കാനുള്ള അധികാരം മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘത്തിനും സിപിഎമ്മിലെ ക്രിമിനല്- മാഫിയ കൂട്ടുകെട്ടിനും അടിയറവ് വച്ചതിന്റെ ദുരന്തഫലങ്ങള് ഒന്നൊന്നായി പുറത്തുവരികയാണ്.
തൃശൂരില് യൂത്ത് കോണ്ഗ്രസ് നേതാവ് സുജിത്തിനെ ക്രൂരമായി മര്ദ്ദിച്ചതിന് സമാനമായ സംഭവമാണ് എറണാകുളത്തും ഉണ്ടായിരിക്കുന്നത്. പിണറായി വിജയന് എന്ന ആഭ്യന്തര വകുപ്പ് മന്ത്രി ഒന്പതര വര്ഷമായി നിയന്ത്രിക്കുന്ന ആഭ്യന്തര വകുപ്പിലാണ് ലോക്കപ്പ് മര്ദനങ്ങളും മനുഷ്യാവകാശ ധ്വംസനങ്ങളും നടക്കുന്നതെന്ന് ഓര്ക്കണം.
നിങ്ങളുടെ പാര്ട്ടിയെ പോലെ നിങ്ങള് നിയന്ത്രിക്കുന്ന പോലീസിലെ ക്രിമിനലുകളും ഏത് യുഗത്തിലാണ് ജീവിക്കുന്നത്? സര്ക്കാരിന്റെ ധൂര്ത്തിനും അഴിമതിക്കും പൊതുജനത്തെ കൊള്ളയടിക്കുന്നതിന് പുറമെയാണ് അതേ ജനങ്ങളെ നിങ്ങളുടെ പോലീസ് ക്രൂരമായി ആക്രമിക്കുന്നത്.
ടിപി കൊലക്കേസില് ശിക്ഷിക്കപ്പെട്ട് ജയിലില് കഴിയുന്ന കൊടുംക്രിമിനലായ കൊടി സുനി ഉള്പ്പെടെയുള്ള ക്രിമിനലുകളില് നിന്നും ലക്ഷങ്ങള് കൈക്കൂലി വാങ്ങിയ ഡിഐജി പ്രവര്ത്തിക്കുന്നതും ഇതേ പിണറായി വിജയന് നിയന്ത്രിക്കുന്ന ആഭ്യന്തര വകുപ്പിന് കീഴിലാണ്. പോലീസിലെ ക്രിമിനലുകളെ ഒരു നിമിഷം പോലും സര്വീസില് തുടരാന് അനുവദിക്കരുത്. കര്ശന നിയമനടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
Kerala
കൊച്ചി: എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽവച്ച് ഗർഭിണിയായ യുവതിക്ക് മർദനമേറ്റ സംഭവത്തിൽ മുഖ്യമന്ത്രി റിപ്പോർട്ട് തേടി. നോർത്ത് എസ്എച്ച്ഒയായിരുന്ന പ്രതാപ ചന്ദ്രനെതിരെ ഉടൻ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി ഡിജിപിക്ക് നിർദേശം നൽകി.
2024 ജൂണിലാണ് കൊച്ചി സ്വദേശി ഷൈമോൾക്കാണ് മർദനമേറ്റത്. മഫ്തിയിലെത്തിയ പോലീസ് ഉദ്യോഗസ്ഥർ പൊതു സ്ഥലത്തു നിന്നിരുന്ന യുവാക്കളെ മർദിച്ചു. ഇതിന്റെ ദൃശ്യങ്ങൾ ഇവരുടെ ഭർത്താവ് ഫോണിൽ പകർത്തിയിരുന്നു.
തുടർന്ന് പോലീസ് ഇയാളെ പിടികൂടി എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെത്തിച്ചു. സംഭവമറിഞ്ഞു സ്ഥലത്തെത്തിയ ഷൈമോളെ എസ്എച്ച്ഒ ക്രൂരമായി മർദിക്കുകയായിരുന്നു. തുടർന്ന് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് സിസിടിവി ദൃശ്യങ്ങൾ യുവതിക്ക് ലഭിച്ചത്.
നിലവിൽ അരൂർ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയാണ് പ്രതാപ ചന്ദ്രൻ. ഇയാൾക്കെതിരെ സമാനപരാതികൾ മുമ്പും ഉയർന്നിട്ടുണ്ട്.
Kerala
കൊച്ചി: പോലീസ് സ്റ്റേഷനിൽ സ്ത്രീയുടെ മുഖത്തടിച്ച് പോലീസ് ഉദ്യോഗസ്ഥൻ. എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ആയിരുന്ന പ്രതാപ ചന്ദ്രൻ ആണ് ഗർഭിണിയായിരുന്ന യുവതിയുടെ മുഖത്ത് അടിച്ചത്.
2024ലാണ് സംഭവം. ഈ സ്ത്രീയുടെ ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തിൽ പരിഭ്രാന്തിയിലായ യുവതി കരയുന്നതിനിടെയാണ് ഇയാൾ നെഞ്ചിൽ പിടിച്ച് തള്ളുകയും മുഖത്ത് അടിക്കുകയും ചെയ്തത്.
ഏറെ നാളത്തെ നിയമപോരാട്ടത്തിന് ശേഷം ഹൈക്കോടതി ഇടപെടലിലൂടെയാണ് യുവതിക്ക് സിസിടിവി ദൃശ്യങ്ങൾ ലഭിച്ചത്. നിലവിൽ അരൂർ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ആണ് ഇയാൾ.
നേരത്തെ, വഴിയരികിൽ നിന്ന സ്വിഗ്ഗി ഫുഡ് ഡെലിവറി ബോയിയെ മർദിച്ചയാളാണ് പ്രതാപചന്ദ്രൻ.
National
ശ്രീനഗർ: ജമ്മു കാഷ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിൽ നടന്ന സ്ഫോടനത്തിൽ മരണസംഖ്യ ഒമ്പത് ആയി ഉയർന്നു. 29 പേർക്ക് പരിക്കേറ്റു സ്ഫോടനം നടത്തി എന്ന് അവകാശപ്പെട്ട് ജയ്ഷെ മുഹമ്മദിന്റെ നിഴൽ സംഘടന രംഗത്ത് വന്നിട്ടുണ്ട്.
അട്ടിമറി അടക്കം എല്ലാ സാധ്യതയും ഏജൻസികൾ അന്വേഷിക്കുന്നുണ്ട്. സ്ഫോടനത്തിൽ പോലീസ് സ്റ്റേഷന് സമീപത്തുള്ള വീടുകളും തകർന്നിട്ടുണ്ട്. സ്ഫോടനത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ജമ്മു കശ്മീർ ഡിജിപി മാധ്യമങ്ങളെ അറിയിക്കും.
ഫരീദാബാദിലെ ഭീകരരിൽ നിന്ന് പിടിച്ച അമോണിയം നൈട്രേറ്റ് ഉൾപ്പടെ സൂക്ഷിച്ചിരുന്ന ജമ്മു കശ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിലാണ് ഉഗ്ര സ്ഫോടനം ഉണ്ടായത്. ഏഴു പേർ മരിച്ചെന്ന വിവരമാണ് ആദ്യം പുറത്തുവന്നത്.
ഫോറൻസിക്, പോലീസ് ഉദ്യോഗസ്ഥർ സ്ഫോടക വസ്തുക്കൾ പരിശോധിക്കുന്നതിനിടെ ആയിരുന്നു സ്ഫോടനം. സ്റ്റേഷനും വാഹനങ്ങളും കത്തിപോയി.
National
ഭോപ്പാൽ: തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ആക്രമികളുടെ പിടിയിൽ നിന്നും സാഹസികമായി രക്ഷപെട്ട് പെൺകുട്ടി. മധ്യപ്രദേശിലെ ഗ്വാളിയാറിലാണ് സംഭവം.
കോളജ് വിദ്യാർഥിനിയെയാണ് ഓട്ടോറിക്ഷയിലെത്തിയ അക്രമികൾ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. കോളജിലേക്ക് നടന്നുപോവുകയായിരുന്ന കുട്ടിയുടെ കൈയിൽ സമീപത്ത് നിർത്തിയിട്ടിരുന്ന ഓട്ടോയിൽ നിന്നുമിറങ്ങിയ ഒരാൾ പിടിച്ചു.
തുടർന്ന് രണ്ടാമൻ കുട്ടിയുടെ ബാഗിലും പിടിച്ചുവലിച്ചു. പേടിച്ചുപോയ പെൺകുട്ടി സംയമനം വീണ്ടെടുത്ത് അക്രമിയുടെ പിടിയിൽ നിന്നും രക്ഷപെട്ട് സമീപത്തെ പദവ് വനിതാ പോലീസ് സ്റ്റേഷനിലേക്ക് ഓടി.
ഉടൻതന്നെ അക്രമികൾ ഓട്ടോറിക്ഷ ഉപേക്ഷിച്ച് ഓടിരക്ഷപെട്ടു. പെൺകുട്ടി പിന്നീട് വീട്ടിലേക്ക് മടങ്ങുകയും പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയും ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
പോലീസ് ഓട്ടോറിക്ഷ പിടിച്ചെടുത്തു. പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.
District News
കടുത്തുരുത്തി: കല്ലറ പഞ്ചായത്തിലെ രണ്ടാം വാര്ഡില് ചന്തപ്പറമ്പ് കേന്ദ്രമാക്കി പ്രവര്ത്തനം തുടങ്ങുന്ന നിര്ദിഷ്ട മാഞ്ഞൂര് പോലീസ് സ്റ്റേഷന്റെ (കല്ലറ) പരിധി നിര്ണയിച്ച് ഉത്തരവിറങ്ങി.
കല്ലറ പഞ്ചായത്ത് മുഴുവനും വൈക്കം പോലീസ് സ്റ്റേഷന്റെ പരിധിയില്പ്പെട്ട വെച്ചൂര് പഞ്ചായത്ത് പൂര്ണമായും കടുത്തുരുത്തി പോലീസ് സ്റ്റേഷന്റെ പരിധിയില്പ്പെട്ട കടുത്തുരുത്തി പഞ്ചായത്തിലെ 13, 14, 15, 16 വാര്ഡുകളായ കപിക്കാട്, മധുരവേലി, ആയാംകുടി, എഴുമാന്തുരുത്ത് പ്രദേശങ്ങളും, മാഞ്ഞൂര് പഞ്ചായത്തിലെ 14, 15, 16, 17, 18 വാര്ഡുകളായ മാഞ്ഞൂര് സൗത്ത്, മേമ്മുറി, മാന്വെട്ടം, വിജയ ലൈബ്രറി, കക്കത്തുമല പ്രദേശങ്ങളുമാണ് പുതിയ പോലീസ് സ്റ്റേഷൻ പരിധിയില് വരുന്നത്.
Kerala
കൊച്ചി: ബിരിയാണിയിൽ ചിക്കൻ കുറഞ്ഞതിന്റെ പേരിൽ പോലീസ് സ്റ്റേഷനിലെ വിരമിക്കൽ പാർട്ടിയിൽ തമ്മിൽത്തല്ല്. ഹോം ഗാർഡുകൾ തമ്മിലാണ് തല്ലുണ്ടായത്.
എറണാകുളം പള്ളുരുത്തി സ്റ്റേഷനു മുന്നിലായിരുന്നു സംഭവം. പരിക്കേറ്റ ഒരാളെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജോർജ്, രാധാകൃഷ്ണൻ എന്നീ ഹോം ഗാർഡുകൾക്കാണ് പരിക്കേറ്റത്. രാധാകൃഷ്ണന്റെ തലയ്ക്കാണ് പരിക്കേറ്റത്.